നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായെന്നും അയോധ്യക്ക് ഇത് ചരിത്ര ദിവസമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ബുധനാഴ്‌ച മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. ശ്രീരാമ - സീത വിവാഹത്തെ അടയാളപ്പെടുത്തുന്ന വിവാഹ പഞ്ചമി ദിനത്തിലാണ് ധ്വജാരോഹണ ചടങ്ങ് പൂർത്തിയായത്.
22 അടി നീളവും 11 അടി വീതിയുമുള്ള കാവി പതാകയാണ് ഉയർത്തിയത്. കാവി നിറത്തിലുള്ള പതാകയിൽ സൂര്യൻ, ഓം ലിപി, കൊവിദാര വൃക്ഷത്തിന്റെ ചിത്രം എന്നിവ ആലേഖനം ചെയ്‌തിട്ടുണ്ട്. സൂര്യപ്രകാശം, മഴ, ശക്തമായ കാറ്റ് എന്നിവയെ ചെറുക്കുന്ന ശക്തമായ പാരച്യൂട്ട് ഗ്രേഡ് നൈലോൺ തുണിയാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ക്ഷണിക്കപ്പെട്ട 8000ത്തോളം വിശിഷ്‌ട അതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.














































































