ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറില്‍ വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവച്ചു വീഴ്ത്തി. സ്വകാര്യ വിദ്യാലയത്തിലെ ഫിസിക്‌സ് അധ്യാപകന് നേരെയാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചഭക്ഷണം കൊണ്ടുവരുന്ന പാത്രത്തില്‍ ഒളിപ്പിച്ചായിരുന്നു കുട്ടി തോക്ക് സ്‌കൂളില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം ക്ലാസില്‍ വച്ച് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചിരുന്നു ഇതിന്റെ ദേഷ്യത്തിലാണ് കുട്ടി വെടിയുതിര്‍ത്തത്.
ക്ലാസില്‍ എത്തിയ അധ്യാപന്റെ പിറകില്‍ നിന്ന് വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട കഴുത്തിന്റെ പിന്‍ഭാഗത്തിലൂടെ തുളഞ്ഞുകയറി. വെടിയേറ്റു വീണ അധ്യാപകനെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്‌തെന്നും വെടിയുണ്ട നീക്കം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.