കഴക്കൂട്ടം: ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിൻ ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം പ്രതി ആറ്റിങ്ങലിലേക്ക് പോയി. അവിടെ നിന്നാണ് മധുരയിലേക്ക് കടന്നത്.
മോഷണത്തിനെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ എത്തിയത് ആദ്യ തവണയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കേരളം ഇഷ്ടപ്പെട്ടെന്നും തിരിച്ചുവരാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി വ്യക്തമാക്കി.
ബെഞ്ചമിൻ അപകടകാരിയാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്ന സ്ത്രീകളെയാണ് കൂടുതലായും ബലാത്സംഗത്തിനിരയാക്കിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മറ്റൊരു സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴാണ് ബെഞ്ചമിൻ പൊലീസിന്റെ പിടിയിലായതെന്നാണ് വിവരം.
ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതി കരുതിയിരുന്നത്. കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ എത്തുന്നതിന് മുമ്പ് മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടോടുകൂടിയാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ട്രെക്ക് ഡ്രൈവറായ പ്രതി സാധനമിറക്കി തിരിച്ചു പോകുമ്പോഴാണ് ഹോസ്റ്റലില്‍ കയറിയത്.
ആദ്യം മുകളിലത്തെ മുറിയില്‍ കയറി ഹെഡ് ഫോണ്‍ മോഷ്ടിച്ചു. താഴെ ഇറങ്ങിവന്നപ്പോഴാണ് യുവതിയുടെ മുറി തുറന്നുകിടക്കുന്നത് കണ്ടത്. അകത്തുകയറി, യുവതിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. ഹോസ്റ്റലില്‍ സി സി ടി വി ക്യാമറ ഇല്ലാത്തതിനാല്‍ പ്രതിയെപ്പറ്റി യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ പി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം,തുമ്പ ,പേരൂർക്കട സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർ, സിറ്റി ഡാൻസാഫ് സംഘവും ചേർന്നുള്ള പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
സംഭവം നടന്ന 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ തിരിച്ചറിയുകയും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടാനായത് പൊലീസിന് വലിയ ആശ്വാസമായി. ഇന്നലെ വൈകിട്ട് ഏഴരയോടെ പ്രതിയെ കഴക്കൂട്ടത്തെത്തിച്ചു.