ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.ബുധനാഴ്ച ഉച്ചക്ക് 1.30ന് ഹരിപ്പാട് സിഗ്നൽ കാത്തുകിടക്കുമ്പോൾ ആണ് ബോണറ്റിൽ നിന്നും പുകയുയർന്നത്. തുടർന്ന് കാറിൽ തീ പടരുകയായിരുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായും കത്തിയമർന്നു. അതിവേഗം ചാടിയിറങ്ങിയതിനാൽ ഡ്രൈവർ രക്ഷപ്പെട്ടു. കുമാരപുരം നവഭവനത്തിൽ അക്ഷയ് (26) ആണ് രക്ഷപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ് വാഹന യാത്രക്കാർ പറഞ്ഞതോടെ ആണ് ഇയാൾ അതിവേഗം പുറത്തുചാടിയത്. ഹരിപ്പാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കരിയിലകുളങ്ങരയിലെ സർവീസ് സെൻ്ററിലേക്ക് സുഹൃത്തിൻ്റെ കാറുമായി പോകുമ്പോഴാണ് അപകടം. കരുവാറ്റ സ്വദേശി നിയാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.
