നയതന്ത്ര തലത്തിലും രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു മുൻ രാഷ്‌ട്രപതി കെ.ആർ.നാരായണൻ എന്ന് അദ്ദേഹത്തിന്റെ മുൻ പ്രസ്സ് സെക്രട്ടറിയും യുഎഇ മുൻ ഇന്ത്യൻ സ്ഥാനാപതിയുമായ ടി.പി.സീതാറാം സിഎംഎസ് കോളജ് ചരിത്രവിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കെ.ആർ.നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി തിരഞ്ഞെടുപ്പുകളിൽ സാധാരണക്കാരോടൊപ്പം ക്യൂ നിന്ന് വോട്ട് ചെയ്ത അദ്ദേഹത്തെ 'സിറ്റിസൺസ് പ്രസിഡന്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടും ഭരണഘടനയുടെ നാലു ചുവരുകൾക്കുള്ളിൽ നിന്നുകൊണ്ട് എടുത്ത തീരുമാനങ്ങൾ അടിസ്ഥാനപ്പെടുത്തി അദ്ദേഹത്തെ 'വർക്കിംഗ് പ്രസിഡന്റ്' എന്നും വിശേഷിപ്പിക്കുന്നു. താൻ എടുക്കുന്ന തീരുമാനങ്ങളെ പൊതുസമൂഹത്തിന് മാധ്യമങ്ങളിലൂടെ അറിയിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്ന അപൂർവ്വം രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു. കെ.ആർ.നാരായണൻ എന്ന് അദ്ദേഹം ഓർമ്മിച്ചു. 70- കളിൽ നയതന്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്തുവാൻ അദ്ദേഹം ഏറെ ശ്രമിച്ചിരുന്നു.
കോളജ് പ്രിൻസിപ്പൽ പ്രഫ.അഞ്ജു ശോശൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ.റീനു ജേക്കബ്, ബർസാർ റവ. ഡോ.ഷിജു ജോൺ സാമുവേൽ, ചരിത്ര വിഭാഗം മേധാവി ഡോ.സുമി മേരി തോമസ്, പ്രഫ.രാധിക ജി, പൊളിറ്റിക്സ് വകുപ്പ് മേധാവി പ്രഫ അശോക് അലക്സ് ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു.