കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നവംബർ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്.
സർവ്വകലാശാലാ യൂണിയൻ കൗൺസിലർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുൺ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സർവ്വകലാശാലയിലെ യൂണിയൻ കൗൺസിലറും എസ്എഫ്‌ഐ അംഗവുമായ എം. ശ്രീനാഥാണ് വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
പുതിയ ജനറൽ കൗൺസിൽ നിലവിൽ വന്നിട്ടും, അതിലെ അംഗങ്ങളെ ഒഴിവാക്കി പഴയ അംഗങ്ങളെ ഉൾപ്പെടുത്തി സെനറ്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള വി.സിയുടെ നീക്കമാണ് ഹർജിക്ക് ആധാരം.
യൂണിയൻ ഭരണഘടന പ്രകാരം, ജനറൽ കൗൺസിൽ അംഗങ്ങളുടെ കാലാവധി ഒരു വർഷമോ അല്ലെങ്കിൽ അടുത്ത കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വരെയോ ആണ്.
ഈ വർഷം സെപ്റ്റംബർ 18-ന് നടന്ന വിജ്ഞാപനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഹർജിക്കാരനടക്കമുള്ള നിലവിലെ അംഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി.
പകരം, മുൻപുള്ള അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് സെനറ്റ് തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ, ഹർജിയിൽ തീർപ്പാകുന്നത് വരെ തെരഞ്ഞെടുപ്പിന് സ്റ്റേ അനുവദിക്കണമെന്നും ശ്രീനാഥ് കോടതിയോട് ആവശ്യപ്പെട്ടു.
നിലവിലുള്ള ജനറൽ കൗൺസിൽ അംഗങ്ങളുടെ കാലാവധി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ അവസാനിച്ചോ എന്ന് കോടതി ആരാഞ്ഞു. കേസ് നവംബർ 15-ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി വെച്ചിരിക്കുകയാണ്. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.സി. ശശിധരൻ ഹാജരായി.












































































