തിരുവനന്തപുരം : ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇൻസ്റ്റലേഷൻ കേരളത്തിൽ ആദ്യമായി കനകകുന്നിൽ
ആർട്ടിസ്റ്റ് ലൂക് ജെറംത്തിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചിരിക്കുന്നത്...

ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഇന്ന് രാത്രിയിൽ പ്രദർശിപ്പിക്കുന്നത്.
ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോണമി സയൻസ് സെന്ററിലാണ്. ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇത് പ്രദർശിപ്പിച്ചുകഴിഞ്ഞു.

ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കുന്നത്.
ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽനിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാൽ പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് കാണികൾക്ക് ലഭിക്കുന്നത്.












































































