ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന അറിയപ്പെടുന്ന ലുസൈൽ റാൻഡൻ അന്തരിച്ചു. ഫ്രാൻസിൽ കന്യാസ്ത്രീ ആയിരുന്ന ലുസൈലയ്ക്ക് 118 വയസായിരുന്നു.സിസ്റ്റർ ആൻഡ്രി എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ഫ്രഞ്ച് നഗരമായ ടുലാനിലെ നഴ്സിങ് ഹോമിൽ ചൊവ്വാഴ്ച ഉറക്കത്തിനിടെയായിരുന്നു ലുസൈൽ റാൻഡോണിന്റെ മരണം സംഭവിച്ചതെന്ന് ഇവരുടെ വക്താവ് അറിയിച്ചു.1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലായിരുന്നു ലുസൈൽ റാൻഡൻ ജനിച്ചത്. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിട്ടായിരുന്നു കഴിഞ്ഞ വർഷം വരെ സിസ്റ്റർ ആൻഡ്രി അറിയപ്പെട്ടിരുന്നത്.

119
വയസ്സുള്ള ജപ്പാനിലെ കെയ്ൻ തനാക്കയുടെ
മരണത്തിന് പിന്നാലെ ലുസൈൽ ലോകത്തെ തന്നെ പ്രായം
കൂടിയ വ്യക്തിയായി മാറുകയായിരുന്നു. കന്യാസ്ത്രീ എന്നതിനപ്പുറത്ത് വിവിധ തലങ്ങളിൽ
പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ലുസൈൽ. 1944ൽ 40-ാം വയസിലാണ്
അവർ കോൺവെന്റിന്റെ ഭാഗമാകുന്നത്. ഇതിന് മുൻപ് അധ്യാപിക, ഗവർണർ എന്നീ പദവികളും വഹിച്ചിരുന്നു. 1979 മുതൽ നഴ്സിങ് ഹോമുകളുടെ ഭാഗമായി
പ്രവർത്തിച്ച് വരികയായിരുന്നു. 2009 മുതലാണ് ടുലാനിൽ സ്ഥിരതാമസമാക്കുന്നത്.2021 ൽ ലുസൈൽ കോവിഡ് ബാധിതയായെങ്കിലും അവർ രോഗത്തെ അതിജീവിച്ചിരുന്നു.
ഇവർ താമസിച്ചിരുന്ന നഴ്സിങ് ഹോമിൽ അക്കാലത്ത് പത്തോളം പേരായിരുന്നു കോവിഡ്
ബാധിച്ച് മരിച്ചത്. എന്നാൽ തനിക്ക് രോഗം ബാധിച്ചതായി അറിഞ്ഞില്ലെന്നായിരുന്നു
അന്ന് വാർ-മാറ്റിൻ എന്ന പത്രത്തോട് ലുസൈൽ നടത്തിയ പ്രതികരണം.