ഭരണഘടന വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിനു മുൻപ് സത്യപ്രതിജ്ഞ നടക്കും എന്നാണ് റിപ്പോർട്ടുകൾ. ഗവർണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സജി ചെറിയാന് പകരം മന്ത്രിയെ നിശ്ചയിച്ചിരുന്നില്ല. മൂന്നു മന്ത്രിമാർക്കായി സജി ചെറിയാന്റെ വകുപ്പുകൾ വീതിച്ചു നൽകുകയാണ് ചെയ്തിരുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷം ആയിരുന്നു സജി ചെറിയാൻ രാജിവെച്ചത്. മുൻപ് കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം ഉൾപ്പെടെയുള്ള വകുപ്പുകൾ തന്നെയാണ് സജി ചെറിയാന് നൽകുക.
