തനതായ ഇന്ത്യൻ മോഡൽ കോപ്പിയടിച്ച് പിന്നെയും വിവാദത്തിലായിരിക്കുകയാണ് ഇറ്റാലിയൻ ഫാഷൻ ബ്രാന്റായ പ്രാഡ. മിലനിൽ നടന്ന ഫാഷൻ വീക്കിൽ കോലാപൂരി പാദരക്ഷകളുടെ മോഡലുകൾ സ്വന്തം മോഡലാണ് എന്ന നിലയിൽ പ്രദർശിപ്പിച്ച് കയ്യടി നേടാൻ ശ്രമിച്ചെങ്കിലും ഇത് പിന്നീട് പിടിക്കപ്പെട്ടിരുന്നു. കോപ്പിയടി വിവാദമായതോടെ ഇന്ത്യൻ കോലാപൂരി ഡിസൈനുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് തങ്ങളതു ചെയ്തതെന്ന് പ്രാഡ കുറ്റസമ്മതവും നടത്തിയിരുന്നു. കോലാപൂരി മോഡലിന്റെ കോപ്പിയടി വിവാദമായി ദിവസങ്ങൾക്ക് പിന്നാലെയാണ് വീണ്ടും പ്രാഡയ്ക്കെതിരെ കോപ്പിയടി ആരോപണം ഉണ്ടാകുന്നത്.
ആന്റ്വിക്ക് ലെദർ പമ്പ്സ് എന്ന പേരിൽ ഇന്ത്യൻ ജുട്ടീസ് എന്ന ബ്രാൻഡിനെയാണ് പ്രാഡ കോപ്പിയടിക്കാൻ തിരഞ്ഞെടുത്തത്. പല നിറത്തിലുള്ള ഇത്തരം മോഡലുകൾ പ്രാഡയുടെ വെബ്സൈറ്റിൽ ലഭ്യമാണെങ്കിലും അതിലൊരെണ്ണം കൃത്യമായി തന്നെ ഇന്ത്യൻ ജുട്ടിയുടെ കോപ്പിയാണ്. എന്നാലത്, തങ്ങൾ പശുത്തോൽ ഉപയോഗിച്ചു നിർമിച്ചതും, തീർത്തും പുതിയതുമായ മോഡലാണെന്നാണ് പ്രാഡയുടെ വാദം. ഇന്ത്യൻ ജുട്ടികൾ ഫ്ലാറ്റാണെങ്കിൽ, ഇതിനൽപം ഹീൽസ് ഉണ്ട് എന്നതു മാത്രമാണ് ഏക വ്യത്യാസം.
ഇന്ത്യൻ മോഡലുകൾ 400 മുതൽ 2000 രൂപ വരെ നിരക്കിൽ ഇത്തരം മോഡലുകൾ വിൽക്കുമ്പോൾ, പ്രാഡ അതു വിൽക്കുന്നത് അതിലും എത്രയോ മടങ്ങ് അധികം തുകയ്ക്കാണ്. കോലാപൂരി പാദരക്ഷകളുടെ മാത്രം മോഡലുകൾക്കു അവരിട്ട വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതല്‍ 2.10 ലക്ഷം വരെയാണ്. ഇത്തരം മോഡലുകൾ ഒരു ക്രെഡിറ്റും നൽകാതെ അടിച്ചുമാറ്റുന്നു എന്നുമാത്രമല്ല, ഇന്ത്യൻ കലാകാരന്മാർക്ക് കിട്ടേണ്ടുന്ന അംഗീകാരം കൂടിയാണ് ഇവർ കൈക്കലാക്കുന്നത്. സംഭവം പുറത്ത് വന്ന ശേഷം നിരവധി ആളുകളാണ് പ്രാഡയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
വിമർശനവുമായി കോലാപുരി ചെരിപ്പുനിർമാതാക്കളും രംഗത്തെത്തിയതോടെ പ്രാഡ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി മേധാവി ലൊറെൻസോ ബെർത്തേലി മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സിനയച്ച കത്തിൽ 'ഇന്ത്യയിൽ കൈവേല ചെയ്തുണ്ടാക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ചെരിപ്പുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആ ചെരിപ്പുകൾ നിർമിച്ചതെന്ന് ഞങ്ങൾ അംഗീകരിക്കുന്നു' എന്നാണ് വിശദീകരിച്ചത്.