കോട്ടയം: അതിരമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസനമാണ് അഞ്ചു വർഷക്കാലയളവിൽ നടന്നതെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി അവഗണിക്കപ്പെട്ട അതിരമ്പുഴ ജംഗ്ഷന്റെ വികസനം എട്ടു കോടിയോളം രൂപ മുടക്കി സാധ്യമാക്കി. 48 കോടി രൂപ ചെലവഴിച്ച് ഇൻഡോർ സ്റ്റേഡിയവും അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സും എം.ജി സർവലകശാല കാമ്പസിൽ നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചതും അതിരമ്പുഴയ്ക്ക് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം ബേബിനാസ് അജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അതിരമ്പുഴയുടെ സ്നേഹാദരവും മന്ത്രി ഏറ്റുവാങ്ങി.
സംസ്ഥാന സർക്കാരിന്റെ വികസ നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ കെ.ജെ. മാത്യുവും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ സെക്രട്ടറി സി.വൈ. നിസ്സി ജോണും അവതരിപ്പിച്ചു.
വയോജനങ്ങൾക്കും വിദ്യാർഥികൾക്കും കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുക, ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് പ്രദേശത്തിനു കൂടുതൽ മുൻഗണന നൽകുക തുടങ്ങിയ നിർദേശങ്ങൾ പൊതുചർച്ചയിൽ ഉന്നയിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി ഇലഞ്ഞി, സിനി ജോർജ്്, ടി.ഡി. മാത്യു, അമ്പിളി പ്രദീപ്, കൃഷി ഓഫീസർ എം.എസ്. അശ്വനി എന്നിവർ പങ്കെടുത്തു.













































































