കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനയകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്യാൻ എറണാകുളം നോര്‍ത്ത് പൊലീസിനെ ചുമതലപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ അധിക്ഷേപിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്.
വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നല്‍കിയത്. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. വിനായകൻ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീര്‍ ബാവ നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. വിനായകന്റെ ലഹരി - മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.