ദില്ലി: എഫ്സിആർഎ നിയമഭേദഗതി ബിൽ പാർലമെൻ്റിൽ ചർച്ചക്കെടുക്കാതെ മാറ്റിവെച്ചെങ്കിലും വിഷയം പ്രചാരണരംഗത്ത് സജീവമാക്കി നിർത്താനാണ് ഇടത് വലത് മുന്നണികളുടെ തീരുമാനം. ഭേദഗതി ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. ബിജെപിക്ക് തൽക്കാലം ആശ്വാസമായെങ്കിലും കോൺഗ്രസ് മനോഭാവമുള്ള മെത്രാൻമാരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി പി സി ജോർജ് തുറന്നടിച്ചു.
തെരഞ്ഞെടുപ്പിൽ വീണുകിട്ടിയ ആയുധം ഉപേക്ഷിക്കാൻ ഇരു മുന്നണികളും തയ്യാറല്ല. തിരിച്ചടി ഭയന്ന് മാത്രം ബിൽ മാറ്റിവയ്ക്കുകയാണെന്നും ഇരട്ടി പ്രഹരത്തോടെ തിരികെ വരുമെന്നുമാണ് രണ്ട് മുന്നണികളുടെയും പ്രചാരണം. ബില്ലിൽ തുടർ നടപടികളുണ്ടായാൽ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസും സിപിഎമ്മും തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഇക്കാര്യത്തിൽ സഭകളുടെ ആശിർവാദവും ഉറപ്പ് വരുത്തിയിരുന്നു. നിയമ പോരാട്ടത്തിനുള്ള പിന്തുണയും വാഗ്ദാനം ചെയ്തു കഴിഞ്ഞു.
ചങ്കിടിപ്പോടെയാണ് പാർലമെൻ്റ് നടപടികളെ ബിജെപി നോക്കി കണ്ടത്. ബില്ല് പാസായാൽ അതുണ്ടാക്കാവുന്ന തിരിച്ചടി ചെറുതായിരിക്കില്ല. എന്നാൽ സഭാധ്യക്ഷന്മാരുടെ നീക്കത്തെ സംശയത്തോടെ കാണുന്ന ഒരു വിഭാഗവും പാർട്ടിയിലുണ്ട്. മറ്റൊരു സമുദായവും പ്രതിഷേധിക്കാത്തപ്പോൾ കോൺഗ്രസിന് അനുകൂല സാഹചര്യമൊരുക്കാൻ മെത്രാൻമാർ ശ്രമിക്കുന്നുവെന്നാണ് പിസി ജോർജ് തുറന്നടിച്ചത്.














































































