കോട്ടയം: സംസ്ഥാനത്ത് 5 വർഷത്തിനിടെ പിടിയിലായത് 39 വ്യാജ ഡോക്ടർമാർ. കീ ഹോൾ സർജറിയും ഓപ്പൺ സർജറിയും നടത്തിയവരും 7 വർഷത്തിലേറെ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. സ്വന്തം ക്ലിനിക്കിൽ നിന്ന് പിടിയിലായവർ വേറെ.
സംസ്ഥാന മെഡിക്കൽ കൗൺസിലിലും ക്രൈം റെക്കോർഡ്സ് ബ്യൂറോയിലുമാണ് ഈ വിവരങ്ങളുള്ളത്. 2020 ജനുവരി മുതൽ 2025 ജൂൺ വരെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തവരുടെ കണക്കാണിത്.
മോഡേൺ മെഡിസിൻ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ഹോമിയോപതിക് മെഡിസിൻ വ്യാജ സെർട്ടിഫിക്കറ്റുകളുമായാണ് ഡോക്ടർമാർ രോഗികളെ പരിശോധിച്ചിരുന്നത്. ചികിത്സ ഫലിക്കാതെ സംശയം തോന്നി രോഗികൾ പരാതിപ്പെട്ടതോടെ കൂടുതൽ പേരും പിടിക്കപ്പെട്ടു.
പത്താം ക്ലാസും പ്രീ ഡിഗ്രിയും മാത്രമാണ് ചിലരുടെ യോഗ്യത. വിദേശത്തു മെഡിസിന് ചേർന്നെങ്കിലും പഠനം പകൂർത്തിയാകാതെ പ്രാക്ടീസ് തുടങ്ങിയ വ്യക്തികളുമുണ്ട്. സ്വകാര്യ ആശുപത്രിയിൽ റെസിഡന്റ് മെഡിക്കൽ ഓഫീസാറായി പ്രവർത്തിച്ചയാൾ കുടുങ്ങിയത് സർജറികൾ പരാജയപ്പെട്ടപ്പോഴാണ്.
ഒരു താലൂക് ആശുപത്രിയിൽ 7വർഷം ഗൈനെക്കോളജിസ്റ്റായിരുന്ന ലേഡി ഡോക്ടറെ ഒരു കുട്ടി മരിച്ച കേസിലാണ് പിടികൂടിയത്. എം ബി ബി എസ് ബിരുദം ഉണ്ടായിരുന്ന ഇവർ ജോലിയിൽ കയറിയ ശേഷം ഡിപ്ലോമ ഇൻ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഗൈനെക്കോളജിസ്റ്റായി നിയമനം നേടിയത്.
ഹോമിഹോപ്പതിയിലും 2 വ്യാജ ഡോക്ടർമാർ പിടിയിലായി. ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.