കോഴിക്കോട്: ബാങ്കുകള്‍ വഴി തങ്കം ആവശ്യത്തിന് ലഭിക്കാതായതോടെ ചെറുകിട ജ്വല്ലറികള്‍ പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. വിപണി വില കുറയ്ക്കാതെ തന്നെയാണ് പലരും അത്തരം സ്വര്‍ണം വാങ്ങുന്നത്. നേരത്തെ സ്വര്‍ണാഭരണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ തിരിച്ചു നല്‍കിയാല്‍ ഗ്രാമിന് പത്തുരൂപ മുതല്‍ രണ്ടുശതമാനം വരെ വില കുറച്ചാണ് എടുത്തിരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ തങ്കത്തിന് ആവശ്യകത കൂടിയതോടെ വിപണിയില്‍ ആവശ്യത്തിന് സ്വര്‍ണം ലഭിക്കുന്നില്ല. ജിഎസ്ടി അടക്കമുളള കടമ്പകള്‍ കടന്ന് തങ്കം വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ പഴയ സ്വര്‍ണം വാങ്ങി ഉരുക്കി തങ്കമാക്കാന്‍ കഴിയും. ഇതാണ് വ്യാപാരികളെ ഈ വഴിക്കു നീക്കുന്നത്. ബുക്കിംഗ് കാലയളവിലെ കുറഞ്ഞ വിലയില്‍ സ്വര്‍ണം നല്‍കാമെന്ന് ഉറപ്പുനല്‍കി ചെറിയ തുകയ്ക്ക് വലിയ അളവില്‍ സ്വര്‍ണാഭരണം നല്‍കാമെന്ന് ഏറ്റ ജ്വല്ലറി ഉടമകള്‍ ഇപ്പോള്‍ ആശങ്കയിലാണ്. വാഗ്ദാനം പാലിക്കുമ്പോള്‍ വലിയ നഷ്ടമാണ് ഇവരെ കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ വിലയ്ക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ച് ബിസിനസ് നടത്തുന്ന ജ്വല്ലറികള്‍ ഏറെയുണ്ട്.
അതേസമയം, സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,880 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,110 രൂപ നല്‍കണം. ഗ്രാമിന്റെ വില ആദ്യമായി 10000 കടന്നു. ഇന്നലെ പവന് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരത്തിലെത്തിയത്. ഒരു ദിവസം മുൻപ് സ്വർണത്തിന്റെ വില 79,480 രൂപ ആയിരുന്നു. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.