തിരുവനന്തപുരം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെയാണ് പിരിച്ചുവിട്ടത്. താല്‍ക്കാലിക മാനേജറായി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ചുമതല നല്‍കി.
പ്രവര്‍ത്തന സമയത്തിന് മുന്‍പായി കുട്ടികള്‍ സ്‌കൂളിലും സ്‌കൂള്‍ പരിസരത്തും എത്തുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മാനേജ്‌മെന്റിന്റേയും മാനേജറുടെയും അധ്യാപകരുടേയും ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.
ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ മാനേജര്‍ക്ക് കഴിഞ്ഞില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മിഥുന്‍ കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടറുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.