സഹപാഠിയുടെ മാതാപിതാക്കളുമായുണ്ടായ തർക്കത്തിനിടെ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇടുക്കി ബൈസൺവാലി ഹൈസ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് സഹപാഠിയുടെ രക്ഷകർത്താക്കൾക്കും മറ്റ് വിദ്യാർത്ഥികൾക്കും നേരെ പെപ്പർസ്പ്രേ പ്രയോഗം നടത്തിയത്. മകളുമായുള്ള സൗഹൃദം രക്ഷകർത്താക്കൾ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് പെപ്പർ സ്പ്രേ അടിക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. പിടിച്ചു മാറ്റാനെത്തിയ വിദ്യാർത്ഥികളുടെ മുഖത്തേക്കും പെപ്പർ സ്പ്രേയടിച്ചു. അസ്വസ്ഥതകളെത്തുടർന്ന് 10 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ 9:30ഓടെ ബൈസണ്‍വാലി സര്‍ക്കാര്‍ സ്‌കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു സംഭവം. അതേസമയം പെൺകുട്ടിയുടെ പിതാവ് വിദ്യാർഥിയെ മർദിച്ചതായും ആരോപണമുണ്ട്. ഇരു കൂട്ടർക്കെതിരെയും രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളുമറ്റും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.