ചെന്നൈ: തിരുപ്പൂരിൽ നവവധുവിനെ കാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ടുമുൻപ് യുവതി അച്ഛന് ശബ്ദസന്ദേശം അയച്ചിരുന്നു. ഗാർമെന്‍റ്സ് കമ്പനി ഉടമയായ അണ്ണാദുരയുടെ മകൾ റിധന്യയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെയും ഭർത്താവിന്‍റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.
ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. 100 പവന്‍റെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് വിവാഹം നടത്തിയത്. ഞായറാഴ്ച മൊണ്ടിപാളയത്തെ അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് കാറെടുത്ത് ഇറങ്ങിയത്. ഒരുപാട് നേരം കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.