തിരുവനന്തപുരം: കേരള സര്‍വലാശാല സസ്‌പെന്‍ഷന്‍ വിവാദത്തില്‍ നിര്‍ണായക നീക്കവുമായി വി സി. അനില്‍കുമാര്‍ ഓഫീസില്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലീസ് സഹായം തേടാന്‍ നിലവിലെ രജിസ്ട്രാര്‍ മിനി കാപ്പന് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലയിലെ നിലവിലെ സ്ഥിതിഗതികള്‍ ഗവര്‍ണറെ അറിയിച്ചതിനുശേഷമാണ് നിർദേശമുണ്ടായത്. കെ എസ് അനിൽ കുമാറിൻ്റെ ശമ്പളം തടയാൻ മുൻപ് വിസി ഉത്തരവിട്ടിരുന്നു. സസ്പെൻഷൻ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നൽകിയാൽ മതി എന്നാണ് വിസിയുടെ നിർദേശം.
നേരത്തെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ അനില്‍ കുമാറിന് അനുകൂലമായ നടപടിയായിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. അനില്‍ കുമാറിന് രജിസ്ട്രാര്‍ സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സസ്പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി. സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി സി-രജിസ്ട്രാർ പോര് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്ന വിധത്തിലുള്ള ശീതസമരത്തിലേയ്ക്ക് മാറിയത്.