കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് 4നു തിരുനക്കര രഥോത്സവം നടക്കും. ആറാട്ടോടെ ഉത്സവം സമാപിക്കും.
ഇന്നു രാവിലെ 9ന് അഷ്ടപദി, 10നു തിരുവാതിരക്കളി, 11നു പ്രസാദമൂട്ട്. 4നു തിരുനക്കര രഥോത്സവം ആരംഭം. ക്ഷേത്രാങ്കണത്തിൽ കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. 6.30നു ചുറ്റുവിളക്ക്. 8നു തിരുനക്കര ഗാന്ധി സ്ക്വയറിൽ രഥോത്സവത്തിനു വരവേൽപ്.
രഥോത്സവം വൈകിട്ട് 4ന് തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ ആരംഭിച്ച് ടെംപിൾ കോർണർ വഴി പോസ്‌റ്റ് ഓഫിസിന്റെ പിൻവശം വഴി റൗണ്ടാനയിൽ എത്തും. തുടർന്നു വൈഎംസിഎ റോഡ് വഴി സെൻട്രൽ ജംക്ഷനിലേക്ക്. ഇവിടെനിന്നു കെഎസ്ആർടിസി ടിബി റോഡ് വഴി കോടിമത ധർമശാസ്താ ക്ഷേത്രാങ്കണത്തിൽ എത്തും. ഇതിനുശേഷം പള്ളിപ്പുറത്തുകാവ് ദേവീ ക്ഷേത്രത്തിൽ സ്വീകരണം. പുളിമൂട് ജംക്‌ഷൻ വഴി ഗാന്ധിസ്ക്വയറിൽ എത്തും. ഇവിടെ വരവേൽപിനു ശേഷം തിരുനക്കര മഹാദേവ ക്ഷേത്രമൈതാനത്ത് സ്വീകരണം. അവിടെ നിന്നു ഗജവീരന്മാരുടെ അകമ്പടിയോടെ കൃഷ്ണക്ഷേത്രത്തിനു സമീപത്തെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. രഥയാത്രയ്ക്ക് താലപ്പൊലി, ഭജനസംഘം, വാദ്യമേളങ്ങൾ അകമ്പടിയേകും.














































































