മലപ്പുറം: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍.
പൊന്നാനി സ്വദേശി നസീമ (44), നസീമയുടെ ഭർത്താവിന്റെ സുഹൃത്ത് അലി(55) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നസീമ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് സംഘം യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. 50,000 രൂപയായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്. പണം ഇല്ലാത്തതിനാല്‍ സുഹൃത്തില്‍ നിന്നും 25,000 രൂപ വാങ്ങി ഗൂഗിള്‍പേ വഴി കൈമാറിയാണ് അന്ന് രക്ഷപ്പെട്ടത്.
ഇതിന് ശേഷവും സംഘം യുവാവിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വീട്ടിലേക്കും ജോലിസ്ഥലത്തേക്ക് വരുമെന്നും നാണംകെടുത്തുമെന്നും പറഞ്ഞതോടെയാണ് യുവാവ് പൊന്നാനി പൊലീസിനെ സമീപിച്ചത്. തിരൂർ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.















































































