ബംഗളൂരു രാമമൂർത്തി നഗറില്‍ എ ആൻഡ് എ ചിട്ടി ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണു മുങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. തുടർന്ന്, ചിട്ടിയില്‍ ചേർന്നവരും ഇവരുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവരും രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. തുടർന്ന്, കമ്പനിയുടെ ഓഫീസിലെ ജീവനക്കാരെ പോലീസ് ചോദ്യംചെയ്തെങ്കിലും ദമ്പതികളെ കുറിച്ച് ഇവർക്ക് ഒന്നും അറിയില്ലെന്നാണു പറഞ്ഞത്.
ഇന്നലെവരെ 325 ഓളം പേർ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. നിലവില്‍ നൂറു കോടി രൂപയുടെ തട്ടിപ്പാണു പരാതികളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിട്ടിക്കന്പനിയില്‍ ആയിരത്തോളം പേർ അംഗങ്ങളായിരുന്നു.
വീടും വാഹനവും വിറ്റ ശേഷമാണ് ഇവർ മുങ്ങിയത്. കൂടാതെ, ഇവരുടെ ബാങ്കില്‍ നിലവിലുള്ള ബാലൻസ് 7,500 രൂപ മാത്രമാണ്. നിലവില്‍ ഓഫീസ് സംവിധാനം പോലും കാര്യക്ഷമമല്ല. മൂന്നു ജീവനക്കാർ മാത്രമാണ് ഓഫീസിലുള്ളത്. ഇവർക്ക് യാതൊന്നും അറിയില്ലെന്നു പോലീസ് പറഞ്ഞു.