സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന 108 പട്ടികവിഭാഗക്കാരെ പുനരധിവസിപ്പിക്കാനുള്ള വട്ടവട പഞ്ചായത്തിൻ്റെ മാതൃകാഗ്രാമം പദ്ധതി പ്രാവർത്തികമാക്കാനുള്ള തടസ്സം നീക്കണമെന്ന് നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ നിർദേശം. കളക്ടറുടെ സഹായത്തോടെ പഞ്ചായത്ത് ഡയറക്റ്റ് ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്ന് ടി.പി രാമകൃഷ്ണൻ അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു. പദ്ധതിയുടെ സാമൂഹിക പശ്ചാത്തലം ഉൾക്കൊണ്ടുള്ള നടപടിയാണ് വേണ്ടതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. വട്ടവട മാതൃകാ ഗ്രാമത്തിൽ പുനരധിവാസം പൂർണമായി നടപ്പാക്കാനാകുമോ എന്നുറപ്പുവരുത്താതെ വൻകിട പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തത് പൊതുമുതലിൻ്റെ ദുർവ്യയം ആണെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ ഏജൻസികളുടെ 11.21 കോടി രൂപ ധനസഹായമാണ് പദ്ധതിയുടെ വിഭവ സ്രോതസ്സ് പ്രവർത്തന കലണ്ടർ തയ്യാറാക്കാതെയും, ഫണ്ട് യഥാർത്ഥത്തിൽ കിട്ടുമോയെന്നും, എന്ന് പൂർത്തിയാക്കാനാകുമെന്നും ഉറപ്പുവരുത്താതെയാണ് പദ്ധതി തുടങ്ങിയതെന്ന് 2019-20ലെ സമാഹൃത ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. പഞ്ചായത്തിൻറെ കൈവശം ഇരുന്നിരുന്ന റവന്യൂ ഭൂമിയാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. അത് പഞ്ചായത്തിന് വിട്ടു കൊടുത്തിട്ടില്ല. റവന്യു ഡിപാർട്ടുമെൻ്റും പഞ്ചായത്തും തമ്മിലുള്ള തർക്കത്തിൻ്റെ പേരിലാണ് ഇപ്പോൾ ഈ പദ്ധതി മുടങ്ങിക്കിടക്കുന്നത്. പഞ്ചായത്തിൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പതിനൊന്നു കോടിയുടെ പദ്ധതിയിലെ അപാകത പുറത്തറിഞ്ഞത്. തുടർന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ സമാഹൃദ റിപ്പോർട്ടിൽ മാതൃകാ ഗ്രാമം പദ്ധതിയും പരാമർശിക്കപ്പെടുകയായിരുന്നു. തുടർനടപടിയെടുക്കുന്നത് നിയമസഭാ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയാണ്.

പ്രധാന അപാകങ്ങളും സമിതിക്ക് മുന്നിൽ ലഭിച്ച മറുപടിയും.
1.
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിൽ വ്യക്തതയില്ല. 113 പേരടങ്ങുന്ന
പട്ടിക ഭരണസമിതി 2017 ഫെബ്രുവരി 14ന്
അംഗീകരിച്ചിട്ടുണ്ട്. ഇവരുടെ മേൽവിലാസമോ വാർഡോ രേഖപ്പെടുത്തിയിട്ടില്ല. വിദൂര
ഗ്രാമങ്ങളായ കൊട്ടാക്കമ്പൂർ, കടവരി, ക്ലാവര എന്നിവിടങ്ങളിൽ നിന്ന്
പഴത്തോട്ടത്തെ മാതൃകാ ഗ്രാമത്തിലേക്ക് അവർ താമസിക്കാൻ എത്തുമെന്ന് ഉറപ്പില്ല.അവരുടെ
സമ്മതപത്രം വാങ്ങാത്തത് വീഴ്ചയാണ്.
മറുപടി= കോവിലൂർ വട്ടവട എന്നിവിടങ്ങളിലെ ചക്ലിയ വിഭാഗക്കാർക്ക്
ആണ് പദ്ധതി. കടവരിയിൽ പട്ടികജാതിക്കാരില്ല. ക്ലാവര തമിഴ്നാടിന്റെ ഭാഗമാണ്.
കൊട്ടാക്കമ്പൂർ നിവാസികൾക്ക് മറ്റൊരു പദ്ധതി ഏറ്റെടുക്കാമെന്ന് അന്നത്തെ ദേവികുളം
എംഎൽഎ ഉറപ്പ് നൽകിയിരുന്നു.
2. വസ്തുവിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള വ്യവസ്ഥകൾ
പദ്ധതിയിൽ ഇല്ല. സർക്കാരിൻ്റെ വിവിധ സേവനങ്ങൾക്ക് പരിഗണിക്കപ്പെടാൻ വീടിൻ്റെ
ഉടമസ്ഥാവകാശം അനിവാര്യമാണ്. അങ്ങനെ നൽകിയാൽ കോടികൾ വിലമതിക്കുന്ന പഞ്ചായത്ത് ഭൂമി
അന്യാധീനപ്പെടാൻ സാധ്യതയുണ്ട്. ക്ഷേമ പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്താൻ സർക്കാർ
ധനസഹായം തേടാതെ സ്വന്തം ഭൂമി നഷ്ടപ്പെടാൻ സാഹചര്യമൊരുക്കി.
= ഗുണഭോക്താക്കൾക്ക് ഭൂമി പട്ടയം ആയി നൽകാമെന്ന് 2020
ഒക്ടോബർ 17ന് കൂടിയ യോഗത്തിൽ കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്.
3 .മാലിന്യ പരിപാലനത്തിന് ശുചിത്വമിഷൻ്റെ അനുയോജ്യതാ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല ഫ്ലാറ്റിലെ ഒന്നാം നിലയിലേക്ക് കയറുന്നതിനും, താഴത്തെ നിലയിലെ അടുക്കളയിൽ നിന്നുള്ള പുക പുറത്തേക്ക് പോകാനുള്ള മാർഗ്ഗത്തെ പറ്റിയും പ്ലാനിൽ പറയുന്നില്ല.പദ്ധതി പ്രദേശം മലയുടെ അടിവാരത്തു നിന്നാണ് തുടങ്ങുന്നത്. മുകളിലേക്ക് പോകാൻ വളവും തിരിവുമുള്ള റോഡ് ആണ് ഉള്ളത്. ഫ്ലാറ്റിൻ്റെ താഴത്തെ നിലയിലുള്ള പ്രവേശനം അതിനു സമീപത്തെ റോഡിൽ നിന്നാണ് മുകൾ നിലയിലേക്കുള്ളത്. മുകൾഭാഗത്തെ റോഡിൽ നിന്നും എന്നാൽ എല്ലാ വീടുകൾക്കും ഇത് പ്രായോഗികമല്ലെന്ന് നിർവഹണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ ഇത് തർക്കത്തിന് ഇടയാക്കാൻ സാധ്യതയുണ്ട്.
= കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കും. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മുകളിലെ
നിലയിലേക്ക് കയറാൻ സൗകര്യം ഒരുക്കാം.
4. മലയുടെ വശങ്ങൾ ഇടിച്ചു നിരത്തി തട്ടുകൾ ആക്കിയാകും വീട്
പണിയുക. അവയ്ക്കിടയിലൂടെ റോഡ് ഉണ്ടാകും. ഭൂവികസനവും റോഡ് പണിയും തൊഴിലുറപ്പ്
പദ്ധതിയിലൂടെ നടപ്പാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. ഒരുകോടി രൂപ ഇതിന്
വകയിരുത്തിയിരുന്നു. എന്നാൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പണി നടത്തിയത്. ഇത് കാരണം
തൊഴിലുറപ്പിലൂടെ സമാഹരിക്കേണ്ടിയിരുന്ന ഒരു കോടി രൂപയുടെ സേവനം തുടർന്ന്
ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.
= പോരായ്മ പരിഹരിക്കും. തൊഴിലാളികളെ വീട് നിർമ്മാണത്തിൽ
പങ്കാളികളാക്കാം. ചരിഞ്ഞ ഭൂപ്രകൃതി ആയതിനാൽ റോഡ് ആണ് ആദ്യം പണിതത്. 1.38 കോടി
രൂപയാണ് ഇതിന് വകയിരുത്തിയത്.
5. പട്ടികജാതി വകുപ്പ് 108 കുടുംബങ്ങൾക്ക് വീട്
നിർമ്മിക്കുന്നതിന് 3.24 കോടി രൂപ അനുവദിച്ചിരുന്നു. ഓരോ വീടിനും മൂന്നുലക്ഷം
വീതം. പഞ്ചായത്ത് സെക്രട്ടറി തുക വക മാറ്റി ഭൂവികസനത്തിന് ഉപയോഗിച്ചു. ഇത്
ചട്ടവിരുദ്ധമാണ്. ഇത് സംബന്ധിച്ച് 2019 ഒക്ടോബർ നാലിന് പട്ടികജാതി വികസന വകുപ്പ്
ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
= തട്ടുകളും ചെറുകുന്നുകളും ഉള്ള പ്രദേശമാണിത്. ഇത്
നിരപ്പാക്കാതെ കെട്ടിട നിർമ്മാണം സാധ്യമല്ല. മുഴുവൻ തുകയും സ്ഥലം നിരപ്പാക്കാൻ
ഉപയോഗിച്ചു എന്ന ധാരണയിലാണ് നോട്ടീസ് നൽകിയത്.
6. നിർമ്മാണ കാലാവധിയും വ്യവസ്ഥകളും വ്യക്തമാക്കിയിട്ടില്ല.
നിർവഹണ ഏജൻസിക്ക് ഒരുകോടി രൂപ കൈമാറിയിട്ട് ഒരു വർഷം കഴിഞ്ഞു. എന്നിട്ടും ഭൂവികസനം
മാത്രമാണ് നടക്കുന്നത്. ഇങ്ങനെ പോയാൽ 2016-17ൽ നിശ്ചയിച്ച അടങ്കലിൽ നിർമ്മാണം
പൂർത്തിയാക്കാൻ സാധിക്കില്ല.
= കരാർ പ്രകാരമാണ് 20% തുക ഏജൻസിക്ക് കൈമാറിയത്.
മണ്ണെടുത്തതിന് വട്ടവട വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയശേഷം പ്രവൃത്തി
ചെയ്യാൻ താല്പര്യമില്ലെന്ന് അവർ അറിയിച്ചു. മുൻകൂർ തുക തിരിച്ചടയ്ക്കണമെന്ന്
ആവശ്യപ്പെട്ട് ഏജൻസിക്ക് കത്തു നൽകിയിട്ടുണ്ട്.
പദ്ധതി ഇങ്ങനെ.
വട്ടവട-പഴത്തോട്ടം റോഡിനുസമീപം പഞ്ചായത്തിൻ്റെ
ഉടമസ്ഥതയിലുള്ള 1.75 ഏക്കർ സ്ഥലമാണ് ഇതിന് തിരഞ്ഞെടുത്തത്. ഇരുനിലകളുള്ള 27 ഭവന
സമുച്ചയങ്ങളിലായി 109 വീടുകൾ. ഓരോന്നിലും 400 ചതുരശ്രഅടി വിസ്തീർണമുള്ള
നാലുഫ്ളാറ്റുകൾ വീതം. കമ്യൂണിറ്റി ഹാൾ, വായനശാല, പകൽവീട്, അങ്കണവാടി, ശുചിത്വ സമുച്ചയം, വ്യാപാരശാല, കളിസ്ഥലം, റോഡുകൾ
എന്നിവയുമുണ്ടാകും.