സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കാൻ തീരുമാനം. പകരം വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാൻ തീരുമാനം. ആരോഗ്യ മന്ത്രിയും ഹോട്ടൽ - റെസ്റ്റോറന്റ്, ബേക്കറി, വ്യാപാരി അസോസിയേഷനുമായുള്ള ചർച്ചയിലാണ് തീരുമാനം. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഭക്ഷ്യോത്പാദന സ്ഥാപനങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്ത് ബേക്കേഴ്സ് അസോസിയേഷൻ കേരളയും രംഗത്തെത്തി.

വിഷരഹിത ഭക്ഷണം ഉറപ്പാക്കാൻ അനിവാര്യമായ പരിശോധനകൾക്ക് ബേക്കിന്റെ പിന്തുണ ഉണ്ട്. സർക്കാരിന്റെ നല്ല ശ്രമങ്ങൾക്ക് പിന്തുണ നൽകി ബേക്കറികളിൽ പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായും അസോസിയേഷൻ പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറൽ സെക്രട്ടറി റോയൽ നൗഷാദ് എന്നിവർ പറഞ്ഞു. അൽഫാം, മന്തി, ഷവർമ്മ പോലുള്ള ഭക്ഷണത്തോടൊപ്പം നൽകുന്ന സൈഡ് ഡിഷാണ് മയോണൈസ്.