ഫിലിപ്പീന്‍സിന് പുറമേ ഹോങ്കോങ്, തായ്‌വാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. ഈ രാജ്യങ്ങളെല്ലാം അതിശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി
ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ്, 267 കിമീ വേഗതയില്‍ 'ടൈഫൂണ്‍ റഗാസ' ആഞ്ഞടിച്ചു, ഫിലിപ്പീന്‍സില്‍ കനത്ത നഷ്ടം.
ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂണ്‍ റഗാസ, ഫിലിപ്പീന്‍സില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് വടക്കന്‍ പ്രദേശങ്ങളില്‍ ആഞ്ഞടിച്ചു.
ഫിലിപ്പീന്‍സില്‍ നാന്‍ഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാന്‍ പ്രവിശ്യയിലെ പനുയിറ്റാന്‍ ദ്വീപിലാണ് കരതൊട്ടത്. മണിക്കൂറില്‍ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും കൊടുങ്കാറ്റും വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫിലിപ്പീന്‍സിന്റെ കാലാവസ്ഥാ ഏജന്‍സിയായ പഗാസ അറിയിച്ചു.
ടൈഫൂണ്‍ റഗാസ വിവിധ മേഖലകളില്‍ കനത്ത നാശമാണ് വിതയ്ക്കുന്നത്. ഫിലിപ്പീന്‍സിലെ ബടാനെസ്, ബാബുയാന്‍ ദ്വീപുകള്‍, കിഴക്കന്‍ തായ്‌വാന്‍, തെക്കന്‍ ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം വലിയ നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ അതിശക്തമായ തിരമാലകള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. വടക്കന്‍ ലൂസോണ്‍ മേഖലയില്‍ 400 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും കാരണമായേക്കാം.
ടൈഫൂണ്‍ റഗാസയുടെ പശ്ചാത്തലത്തില്‍ 315 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ഉണ്ടാക്കുമെന്നും, തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും കാറ്റിന്റെ ശക്തി കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഹോങ്കോങ്ങില്‍ നിന്ന് 1000 കിലോമീറ്റര്‍ കിഴക്ക് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊടുങ്കാറ്റ് മണിക്കൂറില്‍ 23 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. ഫിലിപ്പീന്‍സിനെ കൂടാതെ, ഹോങ്കോങ്, മകാവു, ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യ എന്നിവിടങ്ങളിലേക്കും കൊടുങ്കാറ്റ് നീങ്ങാന്‍ സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും മൂലം ജനജീവിതം സാരമായി ബാധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്