മലപ്പുറം: കരിപ്പൂരില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ എംഡിഎംഎ കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്. നേരത്തെ നടന്ന പ്രധാന കേസുകളിലും സമാനമായ ഒമാന്‍ ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാരിയര്‍ ആയ സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16നാണെന്നും അദ്ദേഹം പറഞ്ഞു.
'950 ഗ്രാമോളം എംഡിഎംഎ ആണ് പിടികൂടിയത്. നിലവില്‍ പിടിയിലായ നാല് പേര്‍ക്ക് നേരത്തെ എന്‍ഡിപിഎസ് കേസുകള്‍ ഇല്ല. പിടിയിലായ സ്ത്രീക്ക് ലഹരി ആണെന്ന് അറിയാമായിരുന്നു. മിട്ടായി പാക്കറ്റുകളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. വിമാനത്താവളം വഴിയുള്ള ലഹരിക്കടത്ത് തടയും. ശക്തമായ നിരീക്ഷണം തുടരും', വിശ്വനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎയുമായി സൂര്യയെയടക്കം നാല് പേരെ പിടികൂടിയത്. മിശ്രിത രൂപത്തിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്.