തിരുവനന്തപുരം: വിളപ്പിൽശാലയിൽ ചികിത്സ നിഷേധത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ കുടുംബത്തിന്റെ പരാതിയിൽ ഡിജിപിയുടെ ഇടപെടൽ. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് ഡിജിപിയുടെ നിർദേശം. കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസതടസ്സത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞിരുന്നു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഡോക്ടർ വന്ന് പരിശോധിക്കുമ്പോൾ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
ബിസ്മീറുമായി ചെല്ലുമ്പോൾ ഡോക്ടറും നഴ്സും ഉറക്കത്തിലായിരുന്നു. ഭർത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ എത്തിയത്. വാതിൽ തുറന്ന് ഡോക്ടർ എത്തിയപ്പോൾ ഭർത്താവ് കുഴഞ്ഞുവീണു. മരുന്ന് പോലും ഒഴിക്കാതെ ആവി പിടിക്കാൻ നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ആംബുലൻസിൽ ഒപ്പം വരാൻ ജീവനക്കാർ തയ്യാറായില്ലെന്നും ജാസ്മിൻ വ്യക്തമാക്കി.
ഭർത്താവിന്റെ മരണത്തിൽ ആശുപത്രി അധികൃതർ മാത്രമാണ് ഉത്തരവാദിയെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും ജാസ്മിൻ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇടപെട്ട ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. വിഷയത്തിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു.














































































