മലപ്പുറം: മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ആണ് സസ്‌പെൻഡ് ചെയ്‌തത്.
മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറാണ് മർദ്ദനത്തിന് ഇരയായത്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിലാണ് മർദ്ദനം. താൻ കൂലിപ്പണിക്കാരൻ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചു എന്നായിരുന്നു ജാഫറിന്റെ പരാതി.
മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. കാക്കി ധരിക്കാത്തതിനായിരുന്നു പിഴ ചുമത്തിയത്. ആദ്യം 250 രൂപയാണ് പിഴയെന്നു പറഞ്ഞു. അതിനുമുമ്പ് വന്ന ഒരാളുമായി എന്തോ പ്രശ്നം നടക്കുകയായിരുന്നു. പിന്നീട് അടിച്ചുതന്ന പെറ്റി 500 രൂപയായിരുന്നു. തന്റെ ഫോൺ വാങ്ങിവെച്ചു. സ്റ്റേഷനിൽ കൊണ്ടുപോയി. അടികിട്ടിയപ്പോൾ തലയുടെ സൈഡൊക്കെ നല്ല വേദനയായിരുന്നു. കോളറിൽ പിടിച്ചു. മൂന്നുനാലുതവണ അടിച്ചുവെന്നും ജാഫർ പറഞ്ഞിരുന്നു.