ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപറയുക. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ നേരത്തെ നടന്ന വാദങ്ങൾക്കിടെ സുപ്രീം കോടതി സർക്കാരിനെ അതിരൂക്ഷമായി വിമർശിക്കുകയായിരുന്നു. സർക്കാർ ആവശ്യം കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നിയമസഭയിൽ കാണിച്ച് അതിക്രമം ക്ഷമിക്കാൻ പറ്റുന്നതല്ല എന്ന് പറഞ്ഞ സുപ്രീം കോടതി എംഎൽഎമാർ വിചാരണ നേരിടേണ്ടിവരുമെന്ന് അറിയിച്ചു. കേസ് പരിഗണിക്കുന്നതിലെ പൊതുതാത്പര്യം എന്താണ് എന്നാണ് സുപ്രീം കോടതി ചോദിച്ചത്. തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. കേസിന്റെ വാദം വിശദമായി കേട്ട ശേഷം കോടതി വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.
നിയമസഭയ്ക്ക് അകത്തു നടന്നത് സർക്കാരിനെതിരായ കേവലം ഒരു പ്രതിഷേധമാണെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. നിയമസഭയുടെ അധികാരം സംരക്ഷിക്കണം, നിയമസഭയിലെ അംഗങ്ങൾക്ക് അവരുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.