വർക്കലയിലെ നാരായണ ഗുരുകുലയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ശ്രീ നാരായണ ഗുരുവിന്റെ ദർശനം ജീവിതവഴിയായി സ്വീകരിച്ച വ്യക്തിയായിരുന്നു.
ശ്രീ നാരായണ ഗുരുവിന്റെ ദർശനത്തെ ജീവിതവഴിയാക്കി ലോകമെങ്ങും പ്രചരിപ്പിച്ച പണ്ഡിതനും വാഗ്മിയുമായിരുന്ന ഗുരു മുനി നാരായണപ്രസാദ്.
പൊതുമരാമത്ത് വകുപ്പിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 1968-ൽ ഗുരുകുലത്തിൽ ചേർന്നത്. ആത്മീയജീവിതവും തത്വചിന്തയും പഠനവും പ്രചാരണവും ആയിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതമാർഗം. 1999-ൽ ഗുരുകുലത്തിന്റെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം ദീർഘകാലം ആ സ്ഥാനത്ത് പ്രവർത്തിച്ചു.
ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം, ആത്മീയചിന്തകൾ എന്നിവയിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളിൽ പലതും ഹിന്ദിയിലേക്കും അസമീസിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സാഹിത്യ-തത്വചിന്താ മേഖലകളിലെ സംഭാവനകൾക്ക് 2015-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2024-ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.
ഗുരുകുലത്തിനും സമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം.












































































