കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ പ്രൊഫ. ജി. ഗീതയുടെ മൂന്നാമത്തെ ചിത്രപ്രദർശനം പുരോഗമിക്കുന്നു. ബിസിഎം കോളേജിലെ ഫിസിക്സ് അധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഗീത ടീച്ചർ, അധ്യാപന ജീവിതത്തിൽ ക്ലാസ് മുറികളിൽ ഡയഗ്രം വരയ്ക്കാൻ പോലും മടിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ വിരമിക്കലിന് ശേഷം ചിത്രരചനയിലൂടെ കലാലോകത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നു.
തിരുവനന്തപുരത്തെ ഫ്ലാറ്റ് ജീവിതത്തിലെ വിരസത മാറ്റാൻ ആരംഭിച്ച വര, ഇന്ന് ഗീത ടീച്ചറെ തന്റെ മൂന്നാമത്തെ ചിത്രപ്രദർശനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സഖാവ്ന്റെ വൈക്കം വിശ്വൻ്റെ പത്നിയായ ഗീത ടീച്ചർ, അറിവിന്റെ ലോകത്തിൽ നിന്ന് കലയുടെ ലോകത്തേക്ക് നടത്തിയ ഈ യാത്ര ഏറെ ശ്രദ്ധേയമാണ്.
പ്രകൃതിയും മനുഷ്യരും പ്രമേയമാക്കിയ 65 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. അക്രിലിക്, വാട്ടർ കളർ, ഓയിൽ പെയിന്റ് എന്നിവ ഉപയോഗിച്ച് തീർത്ത ചിത്രങ്ങൾ കാണികൾക്ക് വിസ്മയം പകരുന്നു. ചിത്രങ്ങൾ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രദർശനത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഗീത ടീച്ചർ അറിയിച്ചു. ഏപ്രിൽ 28-ന് പ്രദർശനം സമാപിക്കും. പ്രവേശനം സൗജന്യമാണ്.











































































