തിരുവനന്തപുരം: ശബരിമല പഴയ കൊടിമരത്തിലുണ്ടായിരുന്നതും തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതുമായ വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്. 2017-ല്‍ തന്ത്രി കണ്ഠരര് രാജീവര്‍ ഇത് കൈവശം വെച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് വാജിവാഹനം തിരികെ നല്‍കാമെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്‌ഐടി നടത്തിയ റെയ്ഡിലാണ് വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
അതേസമയം, ശബരിമല ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് കോടതി ഇന്ന് അനുമതി നല്‍കി. സ്വര്‍ണം ചെമ്പാക്കിയ വ്യാജ മഹസ്സറില്‍ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തട്ടിപ്പില്‍ തന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍ കട്ടിളപ്പാളി കടത്തിയ കേസിലാണ് തന്ത്രി അറസ്റ്റിലായിരിക്കുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 19-ലേക്ക് മാറ്റിയിട്ടുണ്ട്. സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക് പത്മകുറിനെ റിമാന്‍ഡ് ചെയ്യാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്നത്തേക്ക് മാറ്റിയിരുന്നു. എ പത്മകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.















































































