കഴിഞ്ഞ സെപ്തംബറിലാണ് വിജിലന്‍സ് ഡയറക്ടറേറ്റ് സര്‍ക്കാരിന് കത്ത് നല്‍കിയത്.
പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉളളത്. സ്പീക്കറുടെ കത്തിന് നല്‍കിയ മറുപടിയിലാണ് സതീശന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്. സ്പീക്കറുടെ അനുമതിയില്ലാതെ വിഡി സതീശന്‍ വിദേശത്ത് പോയതായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കര്‍ വിശദീകരണം നല്‍കിയത്.
വിദേശ സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് മണപ്പാട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ്. വി ഡി സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തില്‍ വീട് നഷ്ടടമായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ലണ്ടനിലെ ബര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങില്‍ ധനസഹായം ആവശ്യപ്പെടുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സില്‍ പരാതി നല്‍കുന്നത്. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍- യൂണിറ്റ്- 2 ആണ് 2023 മുതല്‍ അന്വേഷണം നടത്തിയത്. വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ട്. വിദേശത്തുനിന്നും സമാഹരിച്ച പണം ഒരു ജീവകാരുണ്യ സംഘടനവഴി കേരളത്തിലേക്ക് എത്തുകയും അതുപയോഗിച്ച് വീടുനിര്‍മ്മാണം നടക്കുകയും ചെയ്തു.വി ഡി സതീശന്‍ സംഘടനാ ഭാരവാഹി അല്ലാത്തിനാല്‍ പണം ദുരുപയോഗ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നില്‍ക്കില്ലെന്നായിരുന്നു ആദ്യ ശുപാര്‍ശ.
എന്നാല്‍ വിദേശനാണ്യവിനിമയ ചട്ടത്തെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വീണ്ടും നിര്‍ദ്ദേശം നല്‍കി. അതേ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിനുള്ള പുതിയ ശുപാര്‍ശ നല്‍കിയത്. സിബിഐ അന്വേഷണ ശുപാര്‍ശ ഇപ്പോഴും മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.















































































