കോണത്താറ്റ് പാലത്തിൻ്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വി എന്‍ വാസവൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ട സാങ്കേതികരീതി റോഡിൻ്റെ ഉയരം എന്നിവ സംബന്ധിച്ച പരിശോധനകള്‍ക്ക് വേണ്ടി നിര്‍ത്തിയ പാലത്തിൻ്റെ നിര്‍മ്മാണ ജോലികള്‍ നാളെ മുതല്‍ പുനരാരംഭിക്കുവാനും യോഗത്തില്‍ തീരുമാനമായി. മന്ത്രി വി എന്‍ വാസവൻ്റെ അദ്ധ്യക്ഷതയില്‍ പൊതുമാരമത്ത് ഉദ്യോഗസ്ഥര്‍, കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്ന സ്ഥലത്തെ ഭൂമിയുടെ ഉറപ്പുസംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പരിശോധന നടത്തി ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.

പാലത്തിൻ്റെ ജോലികള്‍ തടസങ്ങള്‍ ഇല്ലാതെ
മുന്നോട്ടു നീങ്ങാനും പതിനെട്ട് മാസം നിര്‍മാണ
കാലാവധി ഉണ്ടെങ്കിലും എത്രയും വേഗം നിര്‍മാണം
പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം
നല്‍കി.കുമരകം റോഡിലെ ഗതാഗതക്കുരുക്ക് നേരിട്ടിരുന്ന ഇടുങ്ങിയ പാലമായിരുന്നു
കോണത്താറ്റ് പാലം. നാലുമീറ്റര്‍ മാത്രമായിരുന്നു പൊളിച്ചു നീക്കിയ പാലത്തിൻ്റെ വീതി. കാലങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന പാലം നിര്‍മ്മാണം മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യാഥാര്‍ത്ഥ്യമായത്.കേരള
റോഡ് ഫണ്ട് ബോര്‍ഡിൻ്റെ മേല്‍നോട്ടത്തില്‍ കിഫ്ബി മുഖേന 7.94 കോടി രൂപ
ചെലവഴിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്. 26.20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍
വീതിയിലുമാണ് നിര്‍മാണം.