യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോട്ടയം ഉഴവൂർ സ്വദേശി മീരയ്ക്ക് (32) ആണ് ഭർത്താവ് അമൽ റെജിയുടെ വെടിയേറ്റത്. രണ്ടു മാസം ഗർഭിണിയായ മീരയുടെ ഗർഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് മീരയെ ഭർത്താവ് അമൽറെജി വെടിവെക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. മീരയുടെ സഹോദരി മീനുവും ഷിക്കാഗോയിലാണ് താമസം. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്. ശസ്ത്രക്രിയ കഴിഞ്ഞ മീരയുടെ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.















































































