കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ''പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം'' ഡോ എം ലീലാവതിക്ക് സമ്മാനിക്കാന്‍ പുരസ്‌കാരസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ കെ സുധാകരന്‍ എം പി,വൈസ് ചെയര്‍മാന്‍ അഡ്വ.പഴകുളം മധു എന്നിവര്‍ അറിയിച്ചു.
ഡോ എം ലീലാവതി മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ശ്രീ പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും അഡ്വ.പഴകുളം മധു മെമ്പര്‍ സെക്രെട്ടറിയും,ഡോ പി കെ രാജശേഖരന്‍,കെ എ ബീന,എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഫെബ്രുവരി ആദ്യവാരം ഏറണാകുളത്ത് അവാര്‍ഡ് സമ്മാനിക്കും.
അവാര്‍ഡ് നിര്‍ണയ സമിതിയുടെ വിലയിരുത്തല്‍:
മലയാളസാഹിത്യത്തിലെ ശ്രേഷ്ഠനാമങ്ങളിലൊന്നാണ് എം. ലീലാവതി. അപഗ്രഥന സൂക്ഷ്മതയിലൂടെ സാഹിത്യനിരൂപണത്തെ സൗന്ദര്യാത്മകതയുടെ വിശേഷകലയാക്കി മാറ്റിയ പ്രൊഫ. ലീലാവതിയുടെ ഏഴുപതിറ്റാണ്ടു നീണ്ട സാഹിത്യജീവിതം ആധുനികമലയാളസാഹിത്യത്തിന്റെ ചരിത്രംകൂടിയാണ്. അഗാധമായ പാണ്ഡിത്യവും സൗന്ദര്യാനുഭൂതിയെ വായനക്കാരിലേയ്ക്കു പകരുന്ന വിശകലനാത്മകമായ രചനാശൈലിയും നിലപാടുകളിലെ സ്വതന്ത്രതയും അവരുടെ സാഹിത്യവിമര്‍ശനത്തെ അനന്യവും പ്രോജ്ജ്വലവുമാക്കി മാറ്റുന്നു. മലയാളകവിതയുടെ പഠനത്തിനായി തന്റെ രചനാജീവിതമത്രയും നീക്കിവച്ച എം. ലീലാവതിയുടെ കാവ്യവിമര്‍ശനരീതിക്കു തുല്യമായി ഭാഷയില്‍ മറ്റൊന്നില്ല. സാഹിത്യനിരൂപണത്തിനു പുറമേ, വിവര്‍ത്തനം സാഹിത്യചരിത്രം, ആത്മകഥ, ജീവചരിത്രം തുടങ്ങിയ മേഖലകളിലും അവര്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കോളെജ് അദ്ധ്യാപികയെന്ന നിലയില്‍ എത്രയോ തലമുറകള്‍ക്കു ലീലാവതി ടീച്ചര്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും അമൃതമധുരവും വെളിച്ചവും പകര്‍ന്നു-അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.