ശാസ്ത്ര പ്രദർശനത്തിൽ വയസ്ക്കരയിൽ പ്രവർത്തിക്കുന്ന ഗലീലിയോ സയൻസ് സെൻ്ററും ബ്രേക്ത്രൂ സയൻസ് സൊസൈറ്റി കോട്ടയം ചാപ്റ്ററും സംയുക്തമായി നടത്തുന്ന "ശാസ്ത്രകൌതുകം" സ്റ്റാൾ ശ്രദ്ധേയമായി. ടെലസ്കോപ്പിൽ സൺഫിൽട്ടർ ഉപയോഗിച്ച് നടത്തുന്ന സൂര്യ നിരിക്ഷണത്തിൽ കാണുന്ന സൌരകലകൾ ഏവർക്കും കൌതുകം പകർന്നു. രാത്രി 8 മണി വരെ ചന്ദ്രനിരീക്ഷണവും സാധ്യമാണ്. ഫിസിക്സിലേയും, കെമിസ്ട്രിയിലെയും കൌതുകമുണർത്തുന്ന ചില പരീക്ഷണങ്ങൾ ജെയിംസ് വെബ് ടെലസ്കോപ്പിൻ്റെ മാതൃക, ആദിത്യ എൽ-1 ഭ്രമണം ചെയ്യുന്ന ലെഗ്രാജിയൽ ഓർബിറ്റിൻ്റെ മാതൃക, വിവിധതരം ടെലസ്കോപ്പുകൾ എന്നിവയും ഈ സ്റ്റാളിനെ ആകർഷണീയമാക്കുന്നു.

2018 മുതൽ കോട്ടയം വയസ്ക്കരയിൽ പ്രവർത്തിച്ചുവരുന്ന ഗലീലിയോ സയൻസ് സെൻ്റർ കോട്ടയം പട്ടണത്തിലെ ഏക ശാസ്ത്ര കേന്ദ്രമാണ്. 16 ഇഞ്ച് ടെലസ്കോപ്പ് ഇവടെസ്ഥാപിച്ചിട്ടുണ്ട്. കോട്ടയത്തെ പ്രശസ്ത അമച്വർ ആസ്ട്രോണമറായ ശ്രീ കെ. തങ്കപ്പൻ്റെ നെതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഗലീലിയോ സയൻസ് സെൻ്റർ ഇന്ന് ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. തികച്ചും സൌജന്യമായി ആർക്കും സന്ദർശിക്കാവുന്ന ഒരു സ്ഥിരം ശാസ്ത്ര പ്രദർശന പവലിയൻ ഇവിടെയുണ്ട്. കൂടാതെ ടെലസ്കോപ്പ് നിർമ്മാണ പരിശീലനം, വിവിധ വിഷയങ്ങളിലുള്ള ശാസ്ത്ര ക്ലാസുകൾ, വാനനിരീക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇവിടയും ജില്ലയുടെ മറ്റു സ്ഥലങ്ങളിലും ഗലീലിയോ സയൻസ് സെൻറിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

വിവിധ സംഘടനകളുടേതായി നിരവധി സ്റ്റാളുകൾ ആളുകളെ ആകർഷിക്കുന്നുണ്ട്. സെപ്റ്റംബർ 22 ന് പ്രദർശനം സമാപിക്കും.
വാർത്ത നൽകുന്നത്
പി ജി ശശികുമാർ (ഗലീലിയോ സയൻസ് സെൻ്ററും ബ്രേക്ത്രൂ സയൻസ് സൊസൈറ്റി കോട്ടയം. )