തിരു.: ഓണക്കാല ചെലവുകള്‍ക്കായി ആദ്യഘട്ടത്തില്‍ കേരളം ആയിരം കോടി രൂപകടമെടുക്കും.
പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെന്ഷന്, മറ്റു സാധാരണ ചെലവുകള്‍ എന്നിവയ്ക്ക് മാസം 6000 കോടി രൂപ വേണം. ഓണക്കാലത്തെ 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടി വരും. ഇത്തവണ ഡിസംബര്‍ വരെ 17,936 കോടി രൂപ വായ്പയെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ 4000 കോടിയോളം ഇതിനകം എടുത്തു. ഓണത്തിന് രണ്ടു മാസത്തെ ക്ഷേമപെന്ഷന് ഒരുമിച്ച് നല്കാന് തീരുമാനിച്ച സാഹചര്യത്തില്‍ 1800 കോടിരൂപ വേണം. ബോണസ്, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ 800 കോടി രൂപ വേണ്ടിവരും. സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് 440 കോടി രൂപ വേണം. ഇതും ബജറ്റില്‍ നിന്നു തന്നെ നല്‍കേണ്ടി വരും. ഓണക്കാലത്തെ വിപണി ഇടപെടലിനും പണം വേണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ബോണസ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ നല്കാന് കഴിയില്ല.