ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ലഹരിക്കടത്ത് സഹായിയായ ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹ അറസ്റ്റില്‍. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കൗണ്ടർ ഇന്റലിജൻസാണ് നേഹയെ പിടികൂടിയത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ ബോബി കബൂത്തറെയും മറ്റ് രണ്ട് പേരെയും ഒപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി കബൂത്തറിന്റെ പങ്കാളിയാണ് നേഹ.
ബിഷ്‌ണോയി സംഘത്തില്‍ സ്ത്രീപങ്കാളിത്തം വർധിക്കുന്നതായാണ് കണ്ടെത്തല്‍. ഇവരുമായി ബന്ധമുള്ള അടുത്തിടെ അറസ്റ്റിലായ മൂന്നാമത്തെ 'ലേഡി ഡോണ്‍' ആണ് നേഹ. വടക്കുകിഴക്കൻ ഡല്‍ഹിയില്‍ നേഹ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളും മയക്കുമരുന്ന് വിതരണവും നടന്നിരുന്നത്. നേഹയും ബോബിയും ഏഴ് വർഷമായി ബന്ധമുന്നെന്നാണ് പോലീസ് പറയുന്നത്. മഹിപാല്‍പുർ ഫ്‌ളൈ ഓവറിന് സമീപത്ത് നിന്ന് വലിയ അളവിലുള്ള മയക്കുമരുന്നുമായാണ് നേഹയെ പിടികൂടിയത്. തുടർന്ന് നേഹയെ 'മാഡം സെഹർ' എന്നും അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു.
ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബാ സംഘങ്ങളുടെ പ്രധാന ലോജിസ്റ്റിക്‌സ് കണ്ണിയാണ് ബോബി കബൂത്തർ. ഭാരതത്തിലെ ഏറ്റവും വലിയ അനധികൃത ആയുധ വ്യാപാരിയായ സലിം പിസ്റ്റലില്‍ നിന്ന് കബൂത്തർ ഉയർന്ന നിലവാരമുള്ള തോക്കുകള്‍ വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഐഎസ്‌ഐയുമായി ബന്ധമുള്ള ആളാണ് സലിം പിസ്റ്റല്‍. ഇയാളില്‍ നിന്നും വാങ്ങിയ തോക്കുകള്‍ ഉപയോഗിച്ച് സിദ്ദു മൂസെവാലയെയടക്കം നിരവധി കൊലപാതകങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.














































































