തിരുവനന്തപുരം: കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആനയിച്ച് സ്പീക്കര്‍ കസേരയിലിരുത്തി. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്.
അൻപത് വർഷത്തിലധികം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിന്‍റെയും മൂന്നര പതിറ്റാണ്ടിന്‍റെ പാർലമെന്‍ററി അനുഭവങ്ങളുടെയും പാരമ്പര്യത്തോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭ സ്പീക്കറാകുന്നത്. നിലപാടുകളിലെ കാർക്കശ്യവും ഇടപെടലിലെ ലാളിത്യവുമാണ് മുൻ അഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂരിനെ വ്യത്യസ്തനാക്കുന്നത്. ജനകീയനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇത്തവണ കോട്ടയത്ത് നിന്ന് ജയിച്ചത് എതിർ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകളെക്കാൾ കൂടിയ ഭൂരിപക്ഷത്തിലാണ്.
സാമാജികനായിരുന്ന കാലമത്രേയും ബഹുമാനപൂർവം നോക്കിയ കസേരയിൽ ഇരുന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തുടർച്ചയായി 35 വർഷം എംഎൽഎ ആയതിന്‍റെ അനുഭവ സമ്പത്തുമായാണ് എഴുപത്തിയാറാം വയസിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭയുടെ സ്പീക്കറാകുന്നത്. കേരള രാഷ്ട്രീയത്തിൽ ഇന്ന് തലപ്പൊക്കമുള്ള നേതാക്കളിൽ മുൻപന്തിയിലാണ് തിരുവഞ്ചൂരിന്‍റെ സ്ഥാനം. തലക്കനമില്ലാത്ത സൗമ്യനായ പൊതുപ്രവർത്തകൻ. ലാളിത്യം കൊണ്ട് ജനമനസ്തൊടുന്ന നേതാവ്. നർമ്മം ചാലിച്ച സംസാരത്തിലൂടെ കൊച്ചുകുട്ടികൾ മുതൽ പ്രയമുള്ളവരെ വരെ പൊട്ടിചിരിപ്പിക്കുന്ന ശൈലി. അപ്പോഴും രാഷ്ട്രീയ നിലപാടുകളിൽ കർക്കശക്കാരനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഒരു വിധത്തിലുള്ള സ്വാധീനത്തിലും വഴങ്ങാത്ത ചരിത്രമാണ് തിരുവഞ്ചൂരിന്‍റെ പൊതുപ്രവർത്തനത്തിലുള്ളത്. അതിന് ഏറ്റവും വലിയ ഉദാഹരണം ടി പി ചന്ദ്രശേഖരന്‍റെ കൊലപാതക കേസ്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയും മുഖംനോക്കാതെയും തിരുഞ്ചൂർ നടത്തിയ ഇടപെടലാണ് ടി പിയുടെ ഘാതകരെ പിടികൂടാൻ കാരണമായത്. ഏൽപ്പിക്കുന്നതും ഏറ്റെടുക്കുന്നതുമായ എല്ലാം ഭംഗിയായും കുറ്റമറ്റതായും പൂർത്തികരിക്കും തിരുവഞ്ചൂർ. 35 മത് ദേശീയ ഗെയിംസിന് കേരളം വേദിയായപ്പോൾ അന്ന് കായിക മന്ത്രിയായിരുന്ന തിരുവഞ്ചൂരിന്‍റെ സംഘാടക മികവ് ദേശീയ തലത്തിൽ തന്ന പ്രകീർത്തിക്കപ്പെട്ടു.
1963 ൽ കോട്ടയം എംടി സ്കൂളിലെ സ്കൂൾ ലീഡറായാണ് തിരുവഞ്ചൂരിന്‍റെ തുടക്കം. പിന്നീട് ബസേലിയസ് കോളേജ് യൂണിയൻ ചെയർമാനുമായി കേരള സർവകലാശാല യൂണിയൻ ചെയർമാനുമായി. എന്നും എക്കാലവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. കെഎസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കെ നടത്തിയ സമരപോരാട്ടങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തി. കെപിസിസി ജനറൽ സെക്രട്ടറി ആയിരിക്കെ 1987 ലെ കോട്ടയം ഉപതെരഞ്ഞെടുപ്പാണ് ആദ്യത്തെ നിയമസഭ മത്സരം. പക്ഷെ കന്നിഅങ്കത്തിൽ തോറ്റു. 1991 ൽ ഉമ്മൻചാണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനെ തൊട്ടടുത്ത ജില്ലയിലെ മണ്ഡലമായ അടൂരിലേക്ക് അയച്ചു. 1991 മുതൽ 2006 വരെ അടൂരിലും 2011 മുതൽ ഇങ്ങോട്ട് കോട്ടയത്തും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ തോറ്റിട്ടില്ല. പാർട്ടിക്കും മുന്നണിക്കും വൻ തിരിച്ചടിയുണ്ടായ തെരഞ്ഞെടുപ്പുകളിലും തിരുവഞ്ചൂർ അടിപതറാതെ ഉറച്ച് നിന്നു.
പതിനാറാം സഭയിൽ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായ വിജയനും തമ്മിൽ രാഷ്ട്രീയ വാക്പോരുകൾ മുറുകുമ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ഇടപെടൽ നിർണായകമാകും. നിയമത്തിലും സഭ ചട്ടങ്ങളിലും വിട്ട് വീഴ്ച ചെയ്യാത്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന സ്പീക്കർ എങ്ങനെയാണ് സഭ നിയന്ത്രിക്കുക എന്ന കാത്തിരിപ്പിലാണ് കേരളം.












































































