കോട്ടയം: കൊതവറ പഞ്ചായത്ത് പതിമൂന്നാംവാർഡിലെ ശ്രീകുടുംബ -കായിപ്പുറം റോഡിനു സമീപമുള്ള 25 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പൊതുവഴി യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയേകി 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത്.
മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത വൈക്കം താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ പൊതുവഴിക്കായി രൂപീകരിച്ച കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പൊതുവഴിയില്ലെന്നും കമ്മിറ്റി മൂന്നു മീറ്റർ വീതിയിൽ 280 മീറ്റർ നീളത്തിൽ വഴി വെട്ടിയിട്ടുണ്ടെന്നും വൈക്കം കാർഷിക വികസനബാങ്ക് ലേലത്തിനായി ഏറ്റെടുത്ത സ്ഥലത്തിൽനിന്ന് ഒരു ഭാഗം പൊതുവഴിക്കായി വിട്ടുനൽകിയും മരങ്ങൾ നീക്കിയും വഴി പൂർത്തീകരിക്കാൻ സഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ് അദാലത്തിൽ കമ്മിറ്റി പരാതി നൽകിയത്. കാർഷിക വികസന ബാങ്കുമായി ബന്ധപ്പെട്ട് വഴി നൽകുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കാൻ സഹകരണവകുപ്പ് വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർക്ക് മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. അദാലത്ത് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞാണ് ഗ്രാമപഞ്ചായത്തംഗം ഷീജ ഹരിദാസും കമ്മിറ്റി ഖജാൻജി എ.എൻ. സുധാകരനും അദാലത്തിൽ നിന്ന് മടങ്ങിയത്.