പാലക്കാട്: പാലക്കാട് ജില്ലയിലെ മൂത്താന്‍തറ സ്‌കൂള്‍ പരിസരത്ത് നിന്ന് കണ്ടെത്തിയത് മാരക സ്‌ഫോടകവസ്തു എന്ന് എഫ്‌ഐആര്‍. മനുഷ്യജീവന് ഭീഷണിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടക വസ്തു ഉപേക്ഷിച്ചതെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കുട്ടികള്‍ക്കെതിരായ ക്രൂരത, സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പത്തുവയസുള്ള കുട്ടിക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് വകുപ്പിലെ 75-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.
കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തില്‍ പരിക്കേറ്റ 10 വയസ്സുകാരനില്‍ നിന്ന് പൊലീസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മൂത്താന്‍തറ ദേവി വിദ്യാനികേതന്‍ സ്‌കൂളിലെ അധ്യാപകരുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്.
സംഭവത്തില്‍ പരിക്കേറ്റ സമീപവാസിയായ ലീലാമ്മ പ്രതികരിച്ചു. സ്‌കൂള്‍ പരിസരത്ത് നിന്ന് പന്നിപ്പടക്കം പോലുള്ള സ്‌ഫോടക വസ്തു ലഭിച്ചതോടെ കുട്ടി അതുമായി അടുത്ത വീട്ടിലേക്ക് പോവുകയായിരുന്നു. ഈ വീട്ടില്‍ 84 വയസുകാരിയായ ലീലാമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടി സ്‌ഫോടക വസ്തു വച്ച് കളിക്കുമ്പോള്‍ അത് വലിച്ചെറിയാന്‍ ലീലാമ്മ ആവശ്യപ്പെട്ടു. ഇതുപ്രകാരം കുട്ടി അത് വലിച്ചെറിഞ്ഞെങ്കിലും അത് വീട്ടുമുറ്റത്ത് തന്നെ കിടന്ന് പൊട്ടുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കും വയോധികയ്ക്കും പരിക്കേറ്റിരുന്നു.
പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം സ്‌ഫോടക വസ്തു സ്‌കൂള്‍ മുറ്റത്ത് എങ്ങനെ എത്തി എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആര്‍എസ്എസ്, ഡിവൈഎഫ്‌ഐ എന്നീ പാര്‍ട്ടികള്‍ രംഗത്തെത്തി. സംഭവത്തില്‍ ലീലാമ്മയുടെ ഇടപെടല്‍ മൂലം വലിയ അപകടമാണ് ഒഴിവായത്.