ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വിജയം പിടിച്ചെടുത്തത്. ഇന്ത്യ ഉയര്‍ത്തിയ 319 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 305 റണ്‍സ് മാത്രമാണ് നേടാനായത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് അടിച്ചെടുത്തു. 84 പന്തിൽ 102 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 14 ബൗണ്ടറികളാണ് ഹർമൻപ്രീത് അടിച്ചെടുത്തത്. ജെമീമ റോഡ്രിഗസ് (50), സ്മൃതി മന്ദാന (45), ഹർലീൻ ഡിയോൾ (45) എന്നിവരും മികച്ച പിന്തുണ നൽകി. 18 പന്തിൽ 38 റൺസ് നേടി റിച്ച ഘോഷ് നടത്തിയ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യ 300 റൺസ് പിന്നിട്ടു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഇംഗ്ലണ്ട് ഓപ്പണർമാരെ അതിവേഗം മടക്കി ക്രാന്തി ഗൗഡ് ഇംഗ്ലണ്ടിനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കി. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം എമ്മ ലാംബും നാറ്റ് സ്കൈവർ-ബ്രണ്ടും 162 റൺസിന്റെ കൂട്ടുകെട്ടുമായി ഇന്നിംഗ്സ് സുരക്ഷിതമാക്കി. സ്കൈവർ-ബ്രണ്ട് 98 റൺസ് നേടി ഇംഗ്ലീഷ് സ്കോർ ബോർഡ് ഉയർത്തി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.
ക്രാന്തി ഗൗഡ് 52 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിന്റെ മധ്യനിരയെയും വാലറ്റത്തെയും തകർത്തു. അവസാന ഓവറിൽ 305 റൺസിന് ഇംഗ്ലണ്ട് ഓളൗട്ടായി. ആലിസ് ഡേവിഡ്സൺ-റിച്ചാർഡ്സും ലിൻസി സ്മിത്തും മികച്ച ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനായില്ല. ശ്രീ ചരണി, ദീപ്തി ശർമ്മ എന്നിവർ മധ്യ ഓവറുകളിൽ നിർണായക വിക്കറ്റുകൾ നേടി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയതോടെ ഇന്ത്യ വിജയവും പരമ്പരയും പിടിച്ചെടുത്തു.