പനച്ചിക്കാട് പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നും തിരിച്ച് പിടിച്ച് എൽഡിഎഫ്. ഇന്ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി.സി ബെഞ്ചമിൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ബെഞ്ചമിന് 11 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിലെ റോയി മാത്യുവിന് 10 വോട്ട് ലഭിച്ചു.
ബിജെപി വോട്ടടെടുപ്പിൽ നിന്നും വിട്ടു നിന്നു. മലമേൽക്കാവ് വാർഡിൽ നിന്നും വിജയിച്ചാണ് ബെഞ്ചമിൻ പഞ്ചായത്തംഗമായത്.
വൈസ് പ്രസിഡൻ്റായി സി പി ഐയിലെ സരിതാ കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. വിളക്കാംകുന്നു വാർഡിനെ പ്രതിനിധീകരിക്കുന്ന സരിത കോട്ടയം പ്രസ് ക്ലബ് ട്രഷററും , പനച്ചിക്കാട് റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗവും, ജനയുഗം ദിനപത്രം ബ്യൂറോ ചീഫുമാണ്. രണ്ടാം തവണയാണ് പഞ്ചായത്തംഗമാകുന്നത്.
വർഷങ്ങളായി എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷം യുഡിഎഫിനായിരുന്നു ഭരണം.
പഞ്ചായത്തിൽ എൽ ഡി എഫ് - 11, യു ഡി എഫ് -10, എൻഡിഎ -3 എന്നിങ്ങനെയാണ് ഇത്തവണ കക്ഷി നില.














































































