കേരള സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറും മുൻ സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ ആണ് ഹർജിക്കാരൻ.
പൊതു താൽപ്പര്യ ഹർജി എന്ന നിലയിൽ കേസ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ജസ്റ്റിസ് ശ്യാകുമാർ ഉൾപ്പടെയുള്ള ബെഞ്ചാണ് പരിഗണിച്ചത്.
സത്യവാങ്മൂലം നൽകാൻ സർക്കാരിന് മൂന്നാഴ്ച്ച സമയം അനുവദിച്ചു.
കേരള സർവ്വകലാശാലയുടെ 40 സെന്റ് ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് റദ്ദാക്കണ മെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന സർവകലാശാല ഭൂമിയിലെ 15 സെന്റ് ഭൂമി 1977-ലെ ഒരു സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.കെ.ജി. മെമ്മോറിയൽ സെന്ററിന് കൈമാറിയതായുള്ള അവകാശവാദമാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
ഹർജിക്കാരന്റെ വാദമനുസരിച്ച്, പ്രസ്തുത സർക്കാർ ഉത്തരവ് പ്രകാരം ഭൂമി പതിച്ചു നൽകിയത് സംബന്ധിച്ച രേഖകൾ പുരാവസ്തു വകുപ്പ്, റവന്യൂ വകുപ്പ്, ജില്ലാ കളക്ടറേറ്റ്, കേരള സർവ്വകലാശാല, തിരുവനന്തപുരം കോർപറേഷൻ, തുടങ്ങിയ സ്ഥാപനങ്ങളിൽ ലഭ്യമല്ല. കൂടാതെ ആ സ്ഥാപനം സർവകലാശാല അംഗീകരിച്ച ഗവേഷണ സ്ഥാപനമല്ലെന്നും, ഭൂമി ഗവേഷണ ആവശ്യങ്ങൾക്ക് പകരം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭൂമി നാളിത് വരെ akg centre ന് പതിച്ചു നൽകുകയോ, തണ്ടപ്പേരു പിടിക്കുകയോ കരം അടയ്ക്കുകയോ ചെയ്യാത്ത പുറമ്പോക്ക് ഭൂമിയാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അനുവദിച്ച 15 സെന്റിനേക്കാൾ കൂടുതലായ 40 സെന്റ് പുറമ്പോക്ക് ഭൂമികൂടി ഉൾപ്പെടെ, അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്നും, യാതൊരു നിയമാനുസൃത അനുമതിയും ഇല്ലാതെ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്നും
ഹർജിയിൽ ആരോപിക്കുന്നു.
പലവട്ടം നൽകിയ അപേക്ഷകളും വിവരാവകാശ നിയമപ്രകാരമുള്ള രേഖകളും ഉണ്ടായിട്ടും, ബന്ധപ്പെട്ട അധികാരികൾ അധിക ഭൂമി തിരിച്ചെടുക്കുന്നതിനോ അനധികൃത കയ്യേറ്റം നീക്കുന്നതിനോ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഹർജിക്കാരൻ പറയുന്നു. ഈ സാഹചര്യത്തിൽ, ഭൂമി കൈമാറ്റം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണെന്നും, കേരള സർവകലാശാല ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ ലംഘിച്ചതായും, പൊതുസമ്പത്ത് സംരക്ഷണത്തിന്റെ അടിസ്ഥാനതത്വങ്ങൾ ബാധകമാണെന്നും ഭൂമി അനധികൃതമായി അവകാ ശപെടുത്തിയിരിക്കുന്നവരെ സെന്ററിൽ നിന്നും ഒഴിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം
അഡ്വ: നിഷ ജോർജ്, അഡ്വ: അക്ഷര രാജു എന്നിവർ ഹാജരായി.














































































