വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് നൽകിയ രണ്ട് പേരാണ് നിവിൻ പോളിയും അജു വർഗീസും. ഒരാള്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ ജോലിവിട്ട് വന്നപ്പോള്‍ മറ്റൊരാള്‍ എച്ച്.ആർ മാനേജർ ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തി. ഇപ്പോഴിതാ ഇരുവരുടേയും ആദ്യ ചിത്രം പിറന്നിട്ട് ഇന്നേക്ക് 15 വർഷങ്ങൾ പൂർത്തിയാവുകയാണ്.
ഇരുവരുടെയും 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' പിറന്നതിന്‍റെ പതിനഞ്ചാം വാർഷികമാണ് ഇന്ന്. ഇരുവരും ഒരുമിക്കുന്ന പത്താമത്തെ ചിത്രമായ 'സർവ്വം മായ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ഒരു വടക്കൻ സെൽഫി, ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം, ഹേ ജൂഡ്, ലവ് ആക്ഷൻ ഡ്രാമ, സാറ്റർഡേ നൈറ്റ് തുടങ്ങി ഇരുവരും ഒരുമിച്ചെത്തിയ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചത് ടോട്ടൽ ഫൺ ഫാമിലി എന്‍റർടെയ്നർ സിനിമകളായിരുന്നു.
ഇരുവരുടേയും ഓൺ സ്ക്രീൻ കെമിസ്ട്രിക്ക് അന്നും ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ഏത് പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന അസാധ്യ അഭിനയ മികവ് രണ്ടുപേർക്കും കൈമുതലായുണ്ട്. 'മലർവാടി'യിൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നീടുവന്ന ചിത്രങ്ങളിലൊക്കെയും തുടർന്നപ്പോള്‍ പ്രേക്ഷകർ നിവിനേയും അജുവിനേയും നെഞ്ചിലേറ്റുകയായിരുന്നു. 'തട്ടിൻ മറയത്തി'ലെ വിനോദും അബുവും യുവത്വത്തിന്‍റെ ഹരമായി മാറി.