തിരുവനന്തപുരം: മലപ്പുറത്തെയും കാസർഗോട്ടെയും തിരഞ്ഞെടുപ്പ് വിജയങ്ങളെ മതവുമായി ബന്ധിപ്പിച്ചു മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദമാകന്നു.
വിജയിച്ചവരുടെ പേര് നോക്കിയാല്‍ വർഗീയ ധ്രുവീകരണം മനസ്സിലാക്കാം എന്ന മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ മുസ്ലിം ലീഗും കോണ്‍ഗ്രസും ശക്തമായി രംഗത്തുവന്നു.
മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള നീക്കം ഒടുവില്‍ ഇടതുപക്ഷത്തിന് തന്നെ വിനയാകുന്ന കാഴ്ചയാണ് കാണുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരാമർശങ്ങള്‍ ന്യൂനപക്ഷ വോട്ടുകള്‍ പാർട്ടിയില്‍ നിന്ന് അകറ്റാൻ കാരണമാകുമെന്ന് സി.പി.എമ്മിനുള്ളിലും ആശങ്കയുണ്ട്.
വിവാദമായതോടെ തിരുത്തലുമായി മന്ത്രി രംഗത്തെത്തിയെങ്കിലും, പ്രസ്താവന സൃഷ്ടിച്ച രാഷ്ട്രീയ പ്രത്യാഘാതം ചെറുതല്ല.
മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമാണ്.
ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും മുന്നണി ബന്ധങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ പരാമർശം സി.പി.എമ്മിന് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിനെയും "വർഗീയ ബന്ധമുള്ള കക്ഷികള്‍" എന്ന് മുദ്രകുത്താനുള്ള സി.പി.എം നീക്കത്തിന് സജി ചെറിയാൻ്റെ പ്രസ്താവന തിരിച്ചടിയാകും.
വർഗീയ ചാപ്പ അടിക്കാനുള്ള നീക്കം യു.ഡി.എഫിന് അനുകൂലമായി മാറാനാണ് സാധ്യത. സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ എല്‍ഡിഎഫിലും മുറുമുറുപ്പുണ്ട്.
മുന്നണിയിലെ ചില ഘടകകക്ഷികള്‍ക്കും പ്രസ്താവനയില്‍ ശക്തമായ വിയോജിപ്പുണ്ട്. ഇത് ഭരണ മുന്നണിക്കുള്ളിലെ ഐക്യത്തെയും ബാധിച്ചേക്കാം.
പേരിൻ്റെ അടിസ്ഥാനത്തില്‍ വോട്ടർമാരുടെ താല്‍പ്പര്യത്തെ വിലയിരുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന വാദം ശക്തമാണ്. ഇത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നതായും വിമർശനം പങ്കുവെയ്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സംഘപരിവാർ ഭാഷയിലാണ് മന്ത്രി സംസാരിക്കുന്നതെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം ജനങ്ങള്‍ക്കിടയില്‍ ചർച്ചയാകുന്നത് സി.പി.എമ്മിൻ്റെ മതനിരപേക്ഷ പ്രതിച്ഛായയ്ക്കും മങ്ങലേല്‍പ്പിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ന്യൂനപക്ഷ ധ്രുവീകരണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം വോട്ടർമാരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വികാരവും സമൂഹത്തില്‍ ഉണ്ട്.
സജി ചെറിയാൻ്റെ വിവാദ പരാമർശം നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സഭക്കകത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ഇതിനെ ഉപയോഗിക്കും.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സമൂഹത്തില്‍ മതപരമായ വിള്ളല്‍ ഉണ്ടാക്കാൻ ശ്രമിച്ചെന്നും പ്രതിപക്ഷം വാദിക്കും.
മുൻപ് ഭരണഘടനാ വിരുദ്ധ പരാമർശത്തിൻ്റെ പേരില്‍ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം മുൻനിർത്തി, ഇത്തവണയും മന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് പ്രതിപക്ഷം ചോദിക്കും.
പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളും മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മുൻപത്തെ ചില പരാമർശങ്ങളും ഇതിനോട് കൂട്ടിച്ചേർത്ത്, സർക്കാർ മൊത്തത്തില്‍ ഒരു പ്രത്യേക ജില്ലയെയും സമുദായത്തെയും വേട്ടയാടുന്നു എന്ന് സ്ഥാപിക്കാനാകും വി.ഡി. സതീശനും സംഘവും ശ്രമിക്കുക.














































































