ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ ശരീരഭാഗങ്ങളില്‍ ബോംബ് ചീളുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്.
ബോംബ് സ്‌ഫോടനത്തില്‍ ഇത്തരത്തില്‍ സംഭവിക്കുക അസാധാരണമാമെണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഡല്‍ഹി പൊലീസിന് പുറമെ ഫോറൻസിക് സയൻസ് ലബോറട്ടറി, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്‌ജി) എന്നിവരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംശയിക്കുന്ന ഭീകരപ്രവർത്തകരുടെ കേസ് ഫയലുകളും പരിശോധിക്കുന്നുണ്ട്.
ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്ബർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒൻപത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിന് മുന്നില്‍ നടുറോഡില്‍ മെല്ലെ വന്നുനിന്ന കാർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഐ.ഇ.ഡി സ്‌ഫോടനമാണ്. ഹരിയാന രജിസ്ട്രേഷനുള്ള കാറാണ് പൊട്ടിത്തെറിച്ചത്. ബോംബ് സ്‌ക്വാഡും ഫൊറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. നിർണായകമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിനു പിന്നാലെ രാജ്യമാകെ അതീവ ജാഗ്രത തുടരുകയാണ്. കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.












































































