ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദം കത്തിനില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരില്‍കണ്ട് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ നാളെ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. ഡി–ലിറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി വിവാദത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞതിനുശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി അദ്ദേഹത്തെ കാണുന്നത്.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ദിവസം തന്നെ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകുന്നതിന്റെ സൂചനയായി. വൈകിട്ട് അഞ്ചിന് തലസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഒരുമണിക്കൂറിനുശേഷം രാജ്ഭവനിലെത്തി. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാനിടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ ഭേഗദതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ ഗവര്‍ണര്‍ നല്കിയ കത്തിന് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കിയിരുന്നു.
മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്കിയ സാഹചര്യത്തില്‍ നാളെത്തന്നെ അദ്ദേഹം ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സര്‍ക്കാര്‍–ഗവര്‍ണര്‍ ഭിന്നത രൂക്ഷമായതിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രി അദ്ദേഹത്ത കാണുന്നത്. ഇതിന് മുമ്പ് മുഖ്യമന്ത്രി നാലുതവണ ഫോണ്‍ ചെയ്യുകയും രണ്ടുതവണ കത്തെഴുതുകയും ചെയ്തിരുന്നു.