ദില്ലി: നിയമസഭാ സീറ്റിനായി കടുംപിടിത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ഇന്നലെ രാത്രി ഫ്ലാറ്റിലെത്തി ഇരുവരും തമ്മിൽ സംസാരിച്ചതായാണ് വിവരം. കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് കെ സുധാകരനോട് അഭ്യർത്ഥിച്ചതായാണ് വിവരം.
എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് സുധാകരൻ. നിലപാട് പ്രഖ്യാപിച്ച് ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി കെ സുധാകരൻ ദില്ലിയിലെത്തിയത്. നിരവധി നേതാക്കൾ സുധാകരനുമായി സംസാരിച്ചെങ്കിലും സുധാകരൻ അയവില്ലാതെ തുടരുകയാണ്. സുധാകരൻ്റെ നിലപാടിൽ കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്ലക്സുകളാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കണ്ണൂർ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോർഡുകൾ ഉയർന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കേണ്ട എന്ന നിലപാടിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ പുറത്തുവന്ന കോൺഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ സീറ്റിൽ പ്രഖ്യാപനം നടത്തിയിട്ടില്ല. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല. സുധാകരനെ പോലെ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദം ചെലുത്തി വരികയാണ്.













































































